
ലേക്ഷോര് എം ഡി എസ് കെ അബ്ദുള്ള കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്യുന്നു. വൃക്കമാറ്റ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. അര്‍പ്പിത ചൗധരി, മനീഷ് ബല്‍വാനി, ലേക്ഷോര് നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം എന്നിവര്‍ സമീപം.
കൊച്ചി: വൃക്കമാറ്റ ശസ്ത്രക്രിയയുടെ വിജയം ബഹുമുഖ സഹകരണത്തില്‍ അധിഷ്ഠിതമാണെന്ന് ആറാമത് വാര്‍ഷിക കിഡ്നി ട്രാന്‍സ്പ്ലാന്റ് അപ്ഡേറ്റ് - ഡിലൈറ്റ് 2025 സമ്മേളനം. നെഫ്രോളജിസ്റ്റുകളും സര്ജന്മാരും മുതല്‍ ഇമ്മ്യൂണോളജിസ്റ്റുകളും ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍മാരും വരെ, രോഗികളുടെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിലും ദീര്‍ഘകാല ട്രാന്‍സ്പ്ലാന്റ് അതിജീവനം ഉറപ്പാക്കുന്നതിലും ഓരോ സ്പെഷ്യാലിറ്റിയും നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ മേഖല പുരോഗമിക്കുമ്പോള്‍, സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവും രോഗി കേന്ദ്രീകൃതവുമായ ട്രാന്‍സ്പ്ലാന്റ് പരിചരണം നല്‍കുന്നതിന് നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ പ്രധാനമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.കൊച്ചി ഹോളിഡേ ഇന്നില്‍ ആരംഭിച്ച ആറാമത് വാര്‍ഷിക കിഡ്നി ട്രാന്‍സ്പ്ലാന്റ് അപ്ഡേറ്റ് - ഡിലൈറ്റ് 2025 (DELITE 2025)ല്‍ വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, രാജ്യത്തെ പ്രമുഖ വൃക്കശസ്ത്രക്രിയ വിദഗ്ധരായ ഡോ. അര്‍പ്പിത ചൗധരി, മനീഷ് ബല്‍വാനി എന്നിവര്‍ മുഖ്യാതിഥികളായി. വിപിഎസ് ലേക്ഷോര് ആശുപത്രിയും അസോസിയേഷന് ഓഫ് കൊച്ചിന് നെഫ്രോളജിസ്റ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൃക്ക ട്രാന്‍സ്പ്ലാന്റ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പ്രായോഗിക ഉള്‍ക്കാഴ്ചകളും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. രാജ്യത്തെ പ്രധാന ട്രാന്‍സ്പ്ലാന്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രമുഖ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇമ്മ്യൂണോസപ്രഷന് മാനേജ്മെന്റ്, ശസ്ത്രക്രിയയിലെ വെല്ലുവിളികള്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ട്രാന്‍സ്പ്ലാന്റ് കേസുകള്‍ കൈകാര്യം ചെയ്യല്‍, പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്കുള്ള പരിചരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ലേക്ഷോര് നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ. എബി എബ്രഹാം പറഞ്ഞു. സമ്മേളനം ജൂലൈ 20ന് സമാപിക്കും.
Photo Courtesy - Google










